ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ (രണ്ടാംഘട്ടം) 

തൂഫാൻ തദ്ദേശം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന താഴെത്തട്ടിലുള്ള ലഹരിവിരുദ്ധ ജനകീയ മുന്നേറ്റം.

ബഹു. കേരള സർക്കാർ ആഭ്യന്തര വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ തദ്ദേശം ആലങ്ങാട് ഗ്രാമപഞ്ചാത്തിലും ആരംഭിച്ചിരിക്കുന്നു. ആയതിൻറെ ഭാഗമായി 2026 സെപ്തംബർ 28-ന്   ബഹു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. വിജി ജോളി തൂഫാൻ  പതാക ഉയർത്തി. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശ്രീ. പ്രതീഷ് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികൾ, ജീവനക്കാർ, സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തൂഫാൻ ഗ്രാമസഭകളിൽ ഓരോവാർഡിലും പത്തിൽക്കുറയാത്ത വാരിയേഴ്‌സിനെ വാർഡുതല ജനജാഗ്രതാ സമിതിയുടെ ഭാഗമാക്കും. 

തദ്ദേശസ്ഥാപന ജീവനക്കാർ, ജനപ്രതിനിധികൾ, ഹരിതകർമസേന, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, അധ്യാപകർ, പെൻഷൻകാർ തുടങ്ങിയവരെയാണ് വാരിയേഴ്‌സാക്കുന്നത്. 

* ലഹരിക്ക്‌ അടിപ്പെട്ടവർക്ക് കൗൺസലിങ്, ചികിത്സ, ഡി-അഡിക്‌ഷൻ സേവനം, മാനസിക-കുടുംബ പിന്തുണ എന്നിവ ഉറപ്പാക്കി പുനരധിവാസ സൗകര്യവും തദ്ദേശസ്ഥാപനങ്ങളുടെകൂടി ബാധ്യത. കുടുംബശ്രീ-ഹരിതകർമസേന പ്രവർത്തകരുടെ സഹായത്തോടെ ലഹരിവ്യാപന കേന്ദ്രങ്ങളും ശ്രദ്ധ ആവശ്യമുള്ള കുടുംബങ്ങളെയും കണ്ടെത്തും.

* ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ മനഃശാസ്ത്രജ്ഞർ, ഡി-അഡിക്‌ഷൻ സ്പെഷ്യലിസ്റ്റുകൾ, മെഡിക്കൽ ഓഫീസർമാർ എന്നിവരെ ഉൾപ്പെടുത്തിയുള്ള തൂഫാൻ കെയർകമ്മിറ്റികളുടെ ചുമതല സഹായവും തുടർ പരിചരണവും. വീണ്ടും ലഹരിയിലേക്ക്‌ മടങ്ങാതിരിക്കാൻ തൂഫാൻ ആഫ്റ്റർ കെയർഹോമുകൾ.

* വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ലഹരിവിരുദ്ധ ക്ലബ്ബുകൾ തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകളാകും.

ഒരുവർഷത്തെ പ്രവർത്തന കലണ്ടർ

ആദ്യമൂന്നുമാസം തൂഫാൻ ഗ്രാമസഭകൾ, കാമ്പസിൽ ബോധവത്കരണം, ഹോട്ട് സ്പോട്ട് കണ്ടെത്തൽ. 4-6 മാസം: രക്ഷിതാക്കൾക്ക് കൗൺസലിംഗ്, യുവാക്കൾക്ക് ലഹരിവിരുദ്ധ കായിക-കലാമത്സരങ്ങൾ. 7-9: രഹസ്യവിവരം നൽകുന്ന സംവിധാനങ്ങളുടെ പ്രചാരണം, മെഡിക്കൽ, ഡി-അഡിക്‌ഷൻ ക്യാമ്പുകൾ, തൊഴിലിടങ്ങളിൽ ബോധവത്കരണം. 10-12: കുടുംബശ്രീ ഗൃഹസന്ദർശനം, വിദ്യാർഥികൾക്ക് മെൻററിംഗ് തുടങ്ങിയവ. 

 

ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി 2026 ഒക്ടോബർ 2-ന് പതാകദിനമായി ആചരിക്കും. എല്ലാ വാർഡുകളിലും തൂഫാൻ പതാക ഉയർത്തും.

2026 ഒക്ടോബർ 9-ന് പാനായിക്കുളം ജംഗ്ഷൻ മുതൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വരെ വൻ ജനാവലി പങ്കെടുക്കുന്ന തൂഫാൻ സന്ദേശ റാലി സംഘടിപ്പിക്കുന്നു. 

ഓപ്പറേഷൻ തൂഫാൻ 2.0 - ആലങ്ങാട് ഗ്രാമപഞ്ചായത്ത്